Skip to content Skip to footer

The Global Georgian Pilgrim center

Chandanapally St.George Orthodox Valiyapally

Holy Relics of St.George has kept at the Chandanapally St.George orthodox Valiyapally.

 

ഗോള തീർത്ഥാടന കേന്ദ്രവും വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചിരിക്കുന്നതുമായ ചന്ദനപ്പള്ളി സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയപള്ളി മലങ്കര സഭയിലെ പ്രസിദ്ധ ദേവാലയങ്ങളിലൊന്നാണ്.പതിനേഴാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിലാണ് ചന്ദനപ്പള്ളിയിൽ ക്രൈസ്തവ കുടിയേറ്റം ഉണ്ടായത്. 1790 നോട് അടുത്ത് ആദ്യ ക്രൈസ്തവ ദേവാലയം സ്ഥാപിതമായി. ചന്ദനത്തടികൾ കൊണ്ട് നിർമ്മിച്ച ദേവാലയം 1875 ൽ പുതുക്കി പണിതു. മാർ ഗ്രിഗോറിയോസ് (അബ്ദുള്ള പാത്രിയർക്കീസ്) ആണ് ദേവാലയത്തിൻ്റെ ശിലാസ്ഥാപനം നടത്തിയത്. 1986 ൽ ദേവാലയം വീണ്ടും പുനർനിർമ്മിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു.1986 ഡിസംബർ 25 ന് പരി. ബസേലിയോസ് മാർത്തോമ്മ മാത്യുസ് പ്രഥമൻ കാതോലിക്ക ബാവ ദേവാലയ ശിലാസ്ഥാപനം നടത്തി. ഇൻഡോ-സാരസനിക് ശില്പകലയിൽ പണിതീർത്തിരിക്കുന്ന ദേവാലയം രൂപഭംഗി കൊണ്ടും വലുപ്പം കൊണ്ടും മനോഹരമാണ്. 2000 മെയ് 7, 8 തീയതികളിലായി പരി.ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ദ്വിതീയൻ കാതോലിക്ക ബാവ മലങ്കര സഭയിലെ മറ്റ് മെത്രാപ്പോലീത്തമാരുടെ സാന്നിദ്ധ്യത്തിൽ കൂദാശ ചെയ്ത് ആരാധനയ്ക് യോഗ്യമാക്കി.
മെയ് 1 മുതൽ 8 വരെയാണ് പെരുന്നാൾ. പ്രധാന പെരുന്നാൾ 7,8 തീയതികളിലാണ്. പ്രസിദ്ധമായ ചെമ്പെടുപ്പ് മെയ് 8 ന് നടക്കും.

വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ്

ഇടവകയുടെ കാവൽ മദ്ധ്യസ്ഥനായ വി.ഗീവർഗീസ് സഹദാ (AD 279 – 303) തുർക്കിയിലെ കപ്പദോ ക്യയിൽ ജനിച്ചു. റോമൻ പടിയാളിയായ ഗീവർഗീസിനെ (വീനസ് ) ക്രൈസ്തവ പീഡയുടെ ഭാഗമായി ഡയക്ളീഷ്യൻ VII ചക്രവർത്തി വധിച്ചു. മൃതശരീരം പാലസ്തീനിലെ ലിഡായിൽ സംസ്കരിച്ചു. AD 900 ൽ അലക്സാൺട്രിയൻ ചക്രവർത്തി ആബാ ഗബ്രിയേൽ LVII അദ്ദേഹത്തിൻ്റെ തിരുശേഷിപ്പ് ഈജിപ്തിലേക് കൊണ്ടുവന്നു. 1916 ൽ അവിടെ നിന്നും അന്ത്യോക്യയിലെ മർദ്ദിനിൽ കൊണ്ട് വന്ന് സൂക്ഷിച്ചു.അന്തോഖ്യാ സന്ദർശനവേളയിൽ പരി. വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദീവന്നാസിയോസ് തിരുമേനി തിരുശേഷിപ്പിൻ്റെ ഒരു ഭാഗം മലങ്കരയിൽ കൊണ്ടുവന്നു. 2004 മെയ് 8 ന് പരി.ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ദ്വിതീയൻ കാതോലിക്ക ബാവ വി.സഹദായുടെ തിരുശേഷിപ്പ് ചന്ദനപ്പള്ളി വലിയപള്ളിയിൽ പ്രതിഷ്ഠിച്ചു. ഇതോടെ വി.സഹദായുടെ ആത്മീയ സാന്നിദ്ധ്യത്തോടൊപ്പം ഭൗതീക സാന്നിദ്ധ്യവും വിശ്വാസികൾക്ക് അനുഭവിച്ചറിയുവാൻ സാധ്യമാക്കുന്നു

ഇടത്തിട്ട സെൻ്റ് ജോർജ്ജ് കുരിശടി.

വലിയപള്ളിയുടെ ഏറ്റവും പഴക്കമുള്ള കുരിശടിയാണ് ഇടത്തിട്ടയിലെ സെൻ്റ് ജോർജ്ജ് കുരിശടി. 1972 ജനുവരി 21 ന് കുരിശടിയുടെ ശിലാസ്ഥാപനം നടന്നു. 1972 മെയ് 7 ന് പരി.ബ സേലിയോസ് ഔഗേൻ പ്രഥമൻ കാതോലിക്ക ബാവ കുരിശടിയുടെ കൂദാശ കർമ്മം നിർവ്വഹിച്ചു. ജനുവരി 20നു ശേഷം വരുന്ന ശനി, ഞായർ ദിവസങ്ങളിലാണ് കുരിശടിയുടെ പെരുന്നാൾ. ഇടത്തിട്ട തെക്കേതിൽ ശ്രീ. ചെറിയാച്ചൻ ദാനമായി നല്കിയ സ്ഥലത്താണ് കുരിശടി നിർമ്മിച്ചിരിക്കുന്നത്.

സെൻ്റ് മേരീസ് കുരിശടി

ചന്ദനപ്പള്ളി വലിയ കൽകുരിശിന് സമീപമാണ് സെൻ്റ് മേരീസ് കുരിശടി.
1998 സെപ്റ്റംബർ 7 ന് കുരിശടി കൂദാശ ചെയ്തു. പുതുക്കി പണിത കുരിശടിയുടെ കൂദാശാകർമ്മം 2011 സെപ്റ്റംബർ 4 ന് അഭി.ഡോ. സഖറിയാസ് മാർ തേയോഫിലോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. എല്ലാവർഷവും സെപ്റ്റംബർ 7 നാണ് കുരിശടിയുടെ പെരുന്നാൾ ആഘോഷിക്കുന്നത്.കോട്ടപ്പുറത്ത് ശ്രീമതി തങ്കമ്മ തമ്പാച്ചൻ ദാനമായി നൽകിയ സ്ഥലത്താണ് കുരിശടി സ്ഥാപിച്ചത്.

സെൻ്റ് തോമസ് കുരിശടി.

ഭാരതത്തിൻ്റെ അപ്പോസ്തലനായ മാർത്തോമ്മ ശ്ലീഹായുടെ നാമത്തിൽ പണികഴിപ്പിച്ചിട്ടുള്ളതാണ് ഇടഭാഗം സെൻ്റ് തോമസ് കുരിശുംമൂട്.2001 സെപ്റ്റംബർ 14 ന് തുമ്പമൺ ഭദ്രാസനാധിപനായിരുന്ന അഭി. ഫിലിപ്പോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത കുരിശടിയുടെ ശിലാസ്ഥാപനം നടത്തി. 2002 ജൂൺ 30 ന് പരി. ബസ്സേലിയോസ് മാർത്തോമ മാത്യൂസ് ദ്വിതീയൻ കാതോലിക്ക ബാവ കുരിശടിയുടെ കൂദാശ കർമം നിർവഹിച്ചു. ഡിസംബർ 20, 21 തീയതികളിലാണ് കുരിശടിയുടെ പെരുന്നാൾ. ചന്ദനപ്പള്ളി കൊപ്പാറ ശ്രീ. ഗീവർഗീസ് ചാക്കോയുടെയും നാടാവള്ളിൽ ശ്രീ. മാത്യൂസിന്റെയും ഓർമ്മയ്ക്കായി നാടാവള്ളിൽ ശ്രീ.ജസ്റ്റസ് എൻ.മാത്യൂസ് ദാനമായി നൽകിയ സ്ഥലത്ത് ശ്രീ. ജസ്റ്റിൻ എൻ.മാത്യൂസ് പണിതു നൽകിയതാണ് സെൻ്റ് തോമസ് കുരിശടി.

സെൻ്റ് ഗ്രിഗോറിയോസ് കുരിശടി.

പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിൽ വളത്തുകാട് ഭാഗത്ത് പണികഴിപ്പിച്ചിരിക്കുന്നതാണ് സെൻ്റ് ഗ്രിഗോറിയോസ് കുരിശുംമൂട്. 2010 മെയ് 2 ന് തുമ്പമൺ ഭദ്രാസനാധിപനായിരുന്ന അഭി. കുര്യാക്കോസ് മാർ ക്ലിമ്മീസ് മെത്രാപ്പോലീത്ത കുരിശടിയുടെ കൂദാശ കർമ്മം നിർവഹിച്ചു. നവംബർ 2 ന് ശേഷം വരുന്ന ആദ്യ ശനി, ഞായർ ദിവസങ്ങളിലാണ് കുരിശടിയുടെ പെരുന്നാൾ. വളത്തുകാട് പ്ലാമൂട്ടിൽ ശ്രീ. പി. എ. തോമസ് പള്ളിക്ക് ദാനമായി നൽകിയ സ്ഥലത്താണ് കുരിശടി സ്ഥാപിച്ചിരിക്കുന്നത്. കുരിശടിയും സമീപത്തെ പ്രാർത്ഥനാലയവും നിർമ്മിച്ചു നൽകിയത് തെക്കേവിള കുറ്റിയിൽ ശ്രീ.പി.പി.ജോയിയും കുടുംബവുമാണ്.

ചന്ദനപ്പള്ളി ജംഗ്ഷൻ സെൻ്റ് ജോർജ് കുരിശടി

ചന്ദനപ്പള്ളി ജംഗ്ഷനിൽ സ്ഥാപിച്ചിരിക്കുന്ന കൽകുരിശടിയുടെ നിർമ്മാണം 1997 ൽ ആരംഭിച്ചു. 1999 ഫെബ്രുവരി 21 ന് തുമ്പമൺ ഭദ്രാസനാധിപൻ അഭി. ഫിലിപ്പോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത കുരിശടി കൂദാശ ചെയ്തു. സെപ്റ്റംബർ 14ന് ശേഷം വരുന്ന ആദ്യ ശനി, ഞായർ ദിവസങ്ങളിലാണ് കുരിശടിയുടെ പെരുന്നാൾ.

ഇടത്തിട്ട സെൻ്റ് മേരീസ് ചാപ്പൽ

ചന്ദനപ്പള്ളി വലിയപള്ളിയുടെ ആദ്യ ചാപ്പൽ. 1985 സെപ്റ്റംബർ 15 ന് തുമ്പമൺ ഭദ്രാസനാധിപൻ അഭി. ദാനിയേൽ മാർ പീലക്സിനോസ് മെത്രാപ്പോലീത്ത ചാപ്പലിൻ്റെ ശിലാസ്ഥാപനം നടത്തി. 1988 ജൂലൈ 24 ന് അഭി. പീലിപ്പോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത ചാപ്പൽ കൂദാശ ചെയ്തു. പിന്നീട് നവീകരിച്ച ചാപ്പൽ 2007 മാർച്ച് 9 ന് അഭി. പീലിപ്പോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത കൂദാശ ചെയ്തു. സെപ്റ്റംബർ 8,9 തീയതികളിലാണ് ചാപ്പൽ പെരുന്നാൾ. ഇടത്തിട്ട തയ്യിൽ ഫാ. കുര്യാക്കോസ് തയ്യിലിൻ്റെ ഓർമ്മയ്ക്കായി ശ്രീ. ജോർജ് വർഗീസ് ദാനമായി നൽകിയ സ്ഥലത്ത് അദ്ദേഹം തന്നെ നിർമ്മിച്ചു നൽകിയതാണ് സെൻ്റ് മേരീസ് ചാപ്പൽ.

വളത്തുകാട് സെൻ്റ് ഗ്രിഗോറിയോസ് ചാപ്പൽ

വളത്തുകാട് സെൻ്റ് ഗ്രിഗോറിയോസ് കുരിശടിക്ക് സമീപമുള്ള പ്രാർത്ഥനാലയം നവീകരിച്ച് നിർമ്മിച്ചതാണ് ചാപ്പൽ. 2020 ജനുവരി 4 ന് ചാപ്പലിൽ ആദ്യകുർബ്ബാന നടന്നു. കുറ്റിയിൽ തെക്കേവിളയിൽ ശ്രീ.ജോയി പി. ഫിലിപ്പോസ് ആണ് പ്രാർത്ഥനാലയം നവീകരിച്ച് ചാപ്പലായി നിർമ്മിച്ചു നൽകിയത്.

ചന്ദനപ്പള്ളി വലിയപള്ളി: ആഗോള തീത്ഥാടന കേന്ദ്രം (St. George Global Pilgrim Centre)

ചരിത്രപ്രസിദ്ധമായ ചന്ദനപ്പള്ളി വലിയപള്ളി വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമധേയത്തിലുള്ള ആഗോള തീർത്ഥാടന കേന്ദ്രമായി മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരി. ബസ്സേലിയോസ് മാർത്തോമ്മ ദിദിമോസ് പ്രഥമൻ കാതോലിക്കാ ബാവയും അർമീനിയൻ ഓർത്തഡോക്സ് സഭയുടെ മേലധ്യക്ഷൻ പരി. അരാം പ്രഥമൻ കാതോലിക്കാബവയും ചേർന്ന് പ്രഖ്യാപിച്ചു. 2010 ഫെബ്രുവരി 26 ന് നടന്ന ചടങ്ങിൽ വിദേശ ഓർത്തഡോക്സ് സഭകളിലെ മെത്രാപ്പോലീത്തമാരും മലങ്കര സഭയിലെ മെത്രാപ്പോലീത്തന്മാരും പങ്കെടുത്തു. മലങ്കര ഓർത്തഡോക്സ് സഭയിലെ പ്രഥമ ആഗോള തീർത്ഥാടന കേന്ദ്രമാണ് ചന്ദനപ്പള്ളി വലിയപള്ളി

ചന്ദനപ്പള്ളി ചെമ്പെടുപ്പ്

ക്രൈസ്തവ ദേവാലയങ്ങളിൽ ഇന്ന് കാണപ്പെടുന്ന ചെമ്പെടുപ്പ് എന്ന അനുഷ്ഠാനത്തിന് തുടക്കം കുറിച്ച ദേവാലയമാണ് വലിയപള്ളി. പെരുന്നാളിൻ്റെ പ്രധാന നേർച്ചയായ അരി പള്ളിക്ക് കിഴക്കുഭാഗത്തുള്ള ചെമ്പിൻമൂട് എന്ന സ്ഥലത്ത് പാകപ്പെടുത്തിയതിനു ശേഷം കൽകുരിശിന് സമീപമുള്ള കുതിരപ്പുരയിലേക്ക് ആഘോഷപൂർവ്വം കൊണ്ടുവരുന്ന ചടങ്ങാണ് ചരിത്ര പ്രസിദ്ധമായ ചന്ദനപ്പള്ളി ചെമ്പെടുപ്പ്. ചെമ്പിൽ ആദ്യം അരിയിടുന്നത് അങ്ങാടിക്കൽ മേക്കാട്ട് നായർ തറവാട്ടിലെ കാരണവരാണ്. തുടർന്ന് വിശ്വാസികളും. 11 പറ അരി വീതം കൊള്ളുന്ന 2 ചെമ്പിലാണ് വിശ്വാസികൾ നേർച്ച അർപ്പിക്കുന്നത്. ഇത് പുതുവെള്ളത്തിൽ ആവി കൊള്ളിച്ചെടുക്കും. 150 പറ അരിയോളം ഇങ്ങനെ പാകപ്പെടുത്തും. വൈകിട്ട് 4 മണിക്ക് 2 നിറചെമ്പുകളും മുളം കഴകളിട്ട് വഴകവടം കെട്ടി ബലപ്പെടുത്തും. തുടർന്ന് മുഖ്യ പുരോഹിതൻ ചെമ്പിൽ സ്ലീബാ ചാർത്തുന്നതോടെ വിശ്വാസികൾ ചെമ്പുവാഹകരാകും. ഹൊ… ഹൊയ്.. വിളികളോടെയും സഹദായുടെ അപദാനങ്ങൾ വാഴ്തി പാടിയും ചെമ്പ് കുതിരപ്പുരയിലേക്ക് എഴുന്നെള്ളിക്കും. പതിനായിരക്കണക്കിന് വിശ്വാസികൾ പൂക്കളും വെറ്റിലയും വിതറി സ്വീകരിക്കും. കൽക്കുരിശടിക്കു മുന്നുവട്ടം പ്രദക്ഷിണം വച്ച് ചെമ്പ് കുതിരപ്പുരയിൽ ഇറക്കി വെക്കും. തുടർന്ന് ചെമ്പിലെ അരി വിശ്വാസികൾക്ക് നേർച്ചയായി നല്കും.

സെൻ്റ് ജോർജ്ജ് ഷ്റയിൻ

പെരുന്നാളിൻ്റെ പ്രധാന ദിനങ്ങളായ മെയ് 7, 8 തീയതികളിൽ ദേവാലയത്തിനുള്ളിൽ പ്രതിഷ്ഠിക്കുന്ന ഗീവർഗീസ് സഹദായുടെ സ്വർണ്ണത്തിൽ തീർത്ത രൂപം. മെയ് 7ന് കൽകുരിശടിയിലെ കുതിരപ്പുരയിൽ നിന്ന് ആഘോഷപൂർവ്വം കൊണ്ടുവന്ന് ദേവാലയത്തിൽ പ്രതിഷ്ഠിക്കുന്നു.

808080
Parish Members
808080
Second Item
808080
Third Item
The Holy Apostles


Welcome to Our Church!

Church open for prayers from 6:00 am to 8:00 pm all days
Address

Chandanapally – Koodal Rd,
Pathanamthitta,
Kerala 689648

Contact

+91468 2251246

Chandanapally Valiyapally © 2024. All Rights Reserved.